മൂന്നാർ:മൂന്നാറിലെ ടാക്സി ഡ്രൈവർമാർക്കു ഗതാഗതമന്ത്രിയുടെ വക ഇരുട്ടടി. മന്ത്രിയുടെ നിർദേശപ്രകാരം മോട്ടർ വാഹന വകുപ്പ് രണ്ടു ദിവസം നടത്തിയ പരിശോധനയിൽ 174 കേസുകൾ ചാർജ് ചെയ്തു. 3,87,750 രൂപ പിഴ ചുമത്തി. ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലന്ന പേരിലാണു കൂടുതൽ കേസുകളും. മീറ്റർ ഇല്ലാതെ ഓടി എന്നും രൂപമാറ്റം വരുത്തി എന്നും ആരോപിച്ച്ഓട്ടോകൾക്കും പിഴയിട്ടു. പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റി എന്ന പേരിലും വാഹനങ്ങൾക്കു പിഴയിട്ടു.
രണ്ടു ദിവസമായി മോട്ടോർ വാഹനവകുപ്പ് മൂന്നാറിൽ നടത്തിയ വാഹന പരിശോധനയിലാണ് ഈ കനത്ത പിഴകൾ. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നാർ മേഖലയിൽ ഇടുക്കി ആർടിഒ പി.എം.ഷബീർ, എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കി, തൊടുപുഴ, ദേവികുളം മോട്ടർ വാഹന ഓഫിസുകളിലെ ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. പരിശോധന ഇനിയും തുടരുമെന്നും റിപ്പോർട്ടുകൾ മന്ത്രിക്കു സമർപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ച മൂന്നാറിൽ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ തൊഴിലാളികൾ കരിങ്കൊടി കാണിച്ചിരുന്നു. അതിന്റെ പ്രതികരമായിട്ടാണ് ഈ പരിശോധന എന്ന് പറയുന്നു. ബസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ ഓട്ടോ ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടിയത്. കരിങ്കൊടി പ്രകടനം കണ്ട കണ്ടതോടെ സമനില തെറ്റിയ മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ, മൂന്നാറിലെ മുഴുവൻ ടാക്സികളും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടിരുന്നു.















