ആലപ്പുഴ: സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്ലസ്ടു വിദ്യാർത്ഥി പിടിയിൽ. ആലപ്പുഴ എ.എൻ പുരം സ്വദേശി ശ്രീശങ്കർ ആണ് പിടിയിലായത്. അസൈൻമെൻറ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ പ്രതി വീട്ടിലെത്തിച്ചത്.
മൂന്ന് ദിവസം മുൻപാണ് പ്രതിക്ക് പതിനെട്ട് വയസ്സ് തികഞ്ഞത്. വ്യാഴാഴ്ച രാവിലെയായിരുന്നു പീഡനം നടന്നത്. വൈകുന്നേരത്തോടെ ആലപ്പുഴ സൗത്ത് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
മാസങ്ങൾക്ക് മുൻപ് സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും വിദ്യാർത്ഥിയെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ അന്ന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. സ്കൂൾ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെ മാനസിക പീഡനം എന്ന് പറഞ്ഞ് ശ്രീശങ്കറും മാതാപിതാക്കളും പരാതി നൽകി. തുടർന്ന് പ്രതിയെ വീണ്ടും സ്കൂളിൽ പ്രവേശിപ്പിക്കുകയായിരുന്നു.