ജിയോസിനിമയും ഡിസ്നി+ഹോട്ട്സ്റ്റാറും ലയിച്ച് ജിയോഹോട്ട്സ്റ്റാർ (JioHotstar) എന്ന ഒടിടി പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചു. ജിയോസിനിമയിലും ഡിസ്നി+ഹോട്ട്സ്റ്റാറിലും ലഭിച്ചിരുന്ന എല്ലാ കണ്ടന്റുകളും ഇനിമുതൽ ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകുന്നതാണ്. 10 വിവിധ ഭാഷകളിൽ ഉള്ളടക്കങ്ങൾ നൽകുന്ന ഒടിടി പ്ലാറ്റ്ഫോമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.
നിലവിൽ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമാണ് JioHotstar. അതായത് സബ്സ്ക്രിപ്ഷൻ കൂടാതെ തന്നെ ഒടിടി പ്ലാറ്റ്ഫോമിലെ ഉള്ളടക്കങ്ങൾ ആസ്വദിക്കാം. സിനിമകളും സീരിയലുകളും ഷോകളും ഇത്തരത്തിൽ ലഭ്യമാകും. സൗജന്യമായി ആക്സസ് ലഭിക്കുന്നതിനാൽ സ്ട്രീമിംഗിനിടെ പരസ്യങ്ങൾ തുടർച്ചയായി കാണേണ്ടി വരുമെന്ന് മാത്രം.
JioHotstar-ൽ രണ്ടുതരം സബ്സ്ക്രിപ്ഷനാണ് അവതരിപ്പിക്കുന്നത്. സൂപ്പർ, പ്രീമിയം എന്നീ രണ്ടുവ്യത്യസ്ത പ്ലാനുകൾ JioHotstarൽ ലഭ്യമാണ്. സൂപ്പർ പ്ലാൻ സ്വീകരിക്കുന്നവർക്ക് പ്രീമിയം കണ്ടന്റുൾപ്പടെ ആക്സസ് ലഭിക്കും. എന്നാൽ പ്രീമിയം കണ്ടന്റ് സ്ട്രീം ചെയ്യുന്നതിനിടെ പരസ്യം വരുമെന്ന് മാത്രം. പ്രീമിയം പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് എല്ലാ കണ്ടന്റുകളും പരസ്യമില്ലാതെ ആസ്വദിക്കാം.
മൊബൈലിലൂടെ JioHotstar ഉപയോഗിക്കുന്നവർക്ക് 149 രൂപയ്‌ക്ക് മൂന്ന് മാസത്തേക്ക് റീച്ചാർജ് ചെയ്യാം. ഒരുവർഷത്തേക്കാണെങ്കിൽ 499 രൂപയാണ് ഈടാക്കുക. ഒരേസമയം ഒരു ഡിവൈസിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
സൂപ്പർ പ്ലാൻ സ്വീകരിക്കുകയാണെങ്കിൽ മൂന്ന് മാസത്തേക്ക് 299 രൂപയാണ് ഈടാക്കുക. ഒരു വർഷത്തേക്ക് 899 രൂപയാണ് നിരക്ക്. പ്രീമിയം പ്ലാൻ ആണെങ്കിൽ ഒരു മാസത്തേക്ക് 299 രൂപയാണ്. മൂന്ന് മാസത്തേക്ക് 499 രൂപയും ഒരു വർഷത്തേക്ക് 1,499 രൂപയും ഈടാക്കും.
സൂപ്പർ പ്ലാൻ ആണെങ്കിൽ ഒരേസമയം രണ്ട് ഡിവൈസിൽ JioHotstar ഉപയോഗിക്കാം. പ്രീമിയം പ്ലാൻ ആണെങ്കിൽ ഒരേസമയം നാല് ഡിവൈസിലും ആക്സസ് ലഭിക്കും.
അതേസമയം ജിയോസിനിമയിൽ സൗജന്യമായി ലഭിച്ചിരുന്ന സ്പോർട്സ് കണ്ടന്റുകൾ ഇനിമുതൽ ഫ്രീയായി കാണാൻ സാധിക്കില്ലെന്നാണ് വിവരം. ഐപിഎൽ അടക്കമുള്ള മാച്ചുകൾ ഉപയോക്താക്കൾക്ക് കാണണമെങ്കിൽ സൂപ്പർ പ്ലാൻ സ്വീകരിക്കേണ്ടി വരും.















