ഭാര്യയുടെ മറ്റു പുരുഷന്മാരുമായുള്ള അടുപ്പവും പ്രണയവും വിശ്വാസവഞ്ചനയായി കണാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അവർ ലൈംഗികമായി ബന്ധപ്പെടാത്തിടത്തോളം കാലം ആ ബന്ധത്തെ ജാരവൃത്തി എന്ന് പറയാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ജാരവൃത്തി എന്ന് പറയണമെങ്കിൽ അവർ ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ചൂണ്ടിക്കാട്ടി ജീവനാംശം നൽകാനാകില്ലെന്ന ഭർത്താവിന്റെ ഹർജി തള്ളി ജസ്റ്റിസ് ജി.എസ് അഹ്ലുവാലിയ പറഞ്ഞു. വൈകാരികമായ അടുപ്പം ജാരവൃത്തിയായി കണക്കാക്കില്ല, ശരീരിക ബന്ധത്തിന് തെളിവില്ലാത്ത പക്ഷം ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മറ്റൊരു യുവാവുമായി ഭാര്യ പ്രണയത്തിലാണെന്നും യുവതിക്ക് സ്വന്തമായി വരുമാനമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. ഭാര്യക്ക് മാസം നാലായിരം രൂപ വീതം ഇടക്കാല ജീവനാംശമായി നൽകാൻ കുടുംബ കോടതി ഉത്തരവിട്ടിരുന്നു ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
എട്ടായിരം രൂപമാത്രമാണ് തനിക്ക് ശമ്പളമെന്നും ഇയാൾ വാദിച്ചിരുന്നു. ഭർത്താവിന്റെ തുച്ഛമായ വരുമാനം ജീവനാംശം നിഷേധിക്കാനുള്ള മാനദണ്ഡമല്ല. സ്വന്തം ദൈനംദിന കാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിവില്ലാത്തൊരാൾ അത് അറിഞ്ഞുകൊണ്ട് വിവാഹം കഴിച്ചാൽ, അതിന് ഉത്തരവാദി അയാൾ തന്നെയാണെന്നും കോടതി വ്യക്തമാക്കി.