തൃശൂർ: ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി പണം കവർന്നതായി റിപ്പോർട്ട്. ചാലക്കുടി ഫെഡറൽ ബാങ്കിലാണ് മോഷണം നടന്നത്. പോട്ടയിലുള്ള ശാഖയിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറിയ മോഷ്ടാവ് ജീവനക്കാരെ ബന്ദികളാക്കി പണം തട്ടുകയായിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. 15 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം.
ഹെൽമെറ്റ് വച്ച് മുഖം മറച്ചാണ് അക്രമി ബാങ്കിനുള്ളിലേക്ക് ഇരച്ചെത്തിയത്. ക്യാഷ് കൗണ്ടർ തല്ലിപ്പൊളിച്ച മോഷ്ടാവ് പണം കവർന്നുവെന്ന് ജീവനക്കാർ പറയുന്നു. സംഭവസമയത്ത് ബാങ്ക് മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരെയും ശുചിമുറിയിൽ പൂട്ടിയിട്ടായിരുന്നു മോഷണം. ശേഷിക്കുന്ന ബാങ്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോയ സമയത്തായിരുന്നു ആക്രമണം. ക്യാഷ് കൗണ്ടറിന്റെ ചില്ല് തകർത്ത് അകത്തുകടക്കുകയും പണം കൊള്ളയടിച്ച് രക്ഷപ്പെടുകയുമായിരുന്നു.
സംഭവത്തിൽ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.