അമരാവതി: പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ ആസിഡൊഴിച്ച് ആക്രമിച്ച് യുവാവ്. വാലന്റൈൻസ് ഡേ ദിനത്തിലാണ് ആക്രമണം നടന്നത്. ആന്ധ്രയിലാണ് സംഭവം.
യുവതിയുടെ സഹപാഠിയാണ് ആക്രമിച്ചത്. ആന്ധ്രയിലെ അണ്ണമയ്യ ജില്ലയിലുള്ള പേരാംപള്ളി മേഖലയിലെ ഗുറംകൊണ്ട മണ്ഡൽ സ്വദേശിനിയാണ് ആക്രമിക്കപ്പെട്ട പെൺകുട്ടി. വാലന്റൈൻസ് ഡേ ദിനത്തിൽ സഹപാഠി പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതോടെ പ്രകോപിതനായ സഹപാഠി ആദ്യം കത്തിയെടുത്ത് ആക്രമിച്ചതിന് ശേഷം പെൺകുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അക്രമിക്കെതിരെ കർശന നടപടിയെടുക്കാൻ അധികൃതർക്ക് നിർദേശം നൽകി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.