ലക്നൗ: ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ മഹാകുംഭമേളയിൽ പങ്കെടുത്ത് ഭക്തലക്ഷങ്ങൾ. ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രയാഗ്‌രാജിലെത്തി ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. 50 കോടിയിലധികം ആളുകളാണ് കുംഭമേളയിൽ പങ്കെടുത്തത്.
ഫെബ്രുവരി 26-നുള്ളിൽ 60 കോടി കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാകുംഭമേള ആരംഭിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 45 കോടി ഭക്തർ എത്തുമെന്നാണ് പ്രവചിച്ചിരുന്നത്. മൗന അമാവാസി ദിവസവും വസന്തപഞ്ചമി ദിവസും ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായത്.

അമൃത് സ്നാനത്തിനായി ലോകത്തുടനീളമുള്ള ഭക്തർ ത്രിവേണീ തീരത്ത് അണിനിരന്നു. ഇനി 12 ദിവസങ്ങൾ കൂടി ബാക്കിയുണ്ട്. കൂടാതെ ഒരു അമൃത് സ്നാനവും അവശേഷിക്കുന്നു. ഈ ദിവസങ്ങളിലും ഭക്തരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകും.
പ്രധാന സ്നാന ദിവസങ്ങളായ ജനുവരി 29-ന് മൗനി അമാവാസിയിൽ എട്ട് കോടി വിശ്വാസികൾ പുണ്യസ്നാനം ചെയ്തു. മകരസംക്രാന്തി ദിനത്തിൽ 3. 5 കോടി ആളുകളാണ് പ്രയാഗ്‌രാജിൽ എത്തിയത്. പൗഷപൗർണമി ദിവസം 1.7 കോടി ഭക്തർ സ്നാനം ചെയ്തു. വസന്തപഞ്ചമിക്ക് 2.7 കോടി പേരും മാഘപൗർണമി ദിവസം രണ്ട് കോടിയിലധികം ആളുകളും കുംഭമേളയിൽ പങ്കെടുത്തു. ഈ ദിവസങ്ങളിലാണ് ഏറ്റവുമധികം ആളുകൾ പ്രയാഗ്‌രാജിലെത്തിയത്.

അതേസമയം, തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും പ്രയാഗ്‌രാജ് വാഹനനിരോധിത മേഖലയായി പ്രഖ്യാപിച്ചു. കുംഭ പാസുകളുള്ള വാഹനങ്ങൾ സമീപത്തെ പാർക്കുകളിലേക്ക് തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു.















