ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്ക് വൈ പ്ലസ് സുരക്ഷ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിന് പിന്നാലെ സ്റ്റാലിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. വിജയിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിഞ്ഞിട്ടും സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് സുരക്ഷ ഏർപ്പെടുത്താത്തതെന്ന് കെ അണ്ണാമലൈ ചോദിച്ചു.
തമിഴ്നാട്ടിൽ എക്സ്, വൈ, ഇസഡ് കാറ്റഗറി സുരക്ഷാ സംവിധാനങ്ങളുണ്ട്. വലിയ ജനക്കൂട്ടം ഉണ്ടാകുമ്പോൾ അതിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും അണ്ണാമലൈ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് വിജയ്‌ക്ക് വൈ പ്ലസ് സുരക്ഷ അനുവദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. ഇന്റലിജൻസ് ബ്യൂറോയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റിന് ശേഷമാണ് സുരക്ഷ നൽകിയത്. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ വൈ സുരക്ഷ ഏർപ്പെടുത്തും.
വിജയ്‌ക്ക് അനുവദിച്ചിരിക്കുന്ന വൈ പ്ലസ് കാറ്റഗറിയിൽ എട്ട് മുതൽ 11 വരെ സിആർപിഎഫ് ഉദ്യോഗസ്ഥരും സായുധ ഗാർഡുകളുമുണ്ടാകും.