തിരുവനന്തപുരം: നൃത്താദ്ധ്യാപകൻ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. രാമകൃഷ്ണനെ ഉദ്ദേശിച്ച് തന്നെയാണ് സത്യഭാമ സംസാരിച്ചതെന്നും പട്ടികജാതിക്കാരനെന്ന ബോധ്യത്തോടെയാണ് അധിക്ഷേപം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. വിവാദ പരാമർശം ഷൂട്ട് ചെയ്ത യൂട്യൂബ് ചാനൽ ഉടമ മാർക്കോ പോളോയെയും പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
നടൻ സിദ്ധാർത്ഥ് ഉൾപ്പെടെ 20-ലധികം ആളുകളുടെ മൊഴികൾ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർഎൽവി രാമകൃഷ്ണനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് സത്യഭാമ സംസാരിച്ചത്. ചാലക്കുടിക്കാരനായ നർത്തകന് കാക്കയുടെ നിറമാണെന്നായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. ഇതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സത്യഭാമക്കെതിരെ ഉണ്ടായത്. തുടർന്ന് സത്യഭാമക്കെതിരെ രാമകൃഷ്ണൻ പരാതി നൽകുകയായിരുന്നു.
സംഗീത നാടക അക്കാദമി ചെയർമാനായിരിക്കെ കെപിഎസ് സി ലളിതയുമായി കലഹിച്ച കലാകാരൻ എന്നും സത്യഭാമ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെപിഎസ് സി ലളിതയുടെ മകനും നടനുമായ സിദ്ധാർത്ഥിന്റെ മൊഴി രേഖപ്പെടുത്തിയത്. അമ്മയുമായി കലഹിച്ചത് രാമകൃഷ്ണനാണെന്ന് സിദ്ധാർത്ഥ് പൊലീസിനോട് പറഞ്ഞു.
രാമകൃഷ്ണനോട് സത്യഭാമയ്‌ക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. രാമകൃഷ്ണന്റെ ജാതിയെ കുറിച്ച് തനിക്ക് അറിയില്ലെന്ന സത്യഭാമയുടെ മൊഴി കളവാണെന്നും തെളിഞ്ഞു. കുറ്റം തെളിഞ്ഞാൽ പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.















