ആയിരം മുട്ട കഴിച്ചു; മാറ്റം കണ്ട് ഞെട്ടി യുവാവ്; ശരീരത്തിന് സംഭവിച്ചത്..

Published by
Janam Web Desk

മലയാളികളുടെ ദൈനംദിന ആഹാരങ്ങളിൽ ഒന്നാണ് മുട്ട. ദിവസം ഒരു മുട്ട വീതമെങ്കിലും മിക്കവരും കഴിക്കാറുണ്ട്. പുഴുങ്ങിയോ, ഓംലെറ്റ് ആക്കിയോ, കുത്തിപ്പൊരിച്ചോ മുട്ട കഴിക്കും. എന്നാലും ഒരു ദിവസം എത്ര മുട്ട വരെ നമുക്ക് കഴിക്കാനാകും.? ഒരു 30 മുട്ട അകത്താക്കിയാലോ? അങ്ങനെ ആയിരം മുട്ട ഒരു മാസം കഴിച്ചാൽ എന്താണ് ശരീരത്തിന് സംഭവിക്കുക? പോഷകങ്ങളുടെ കലവറയായ മുട്ട ഇങ്ങനെ അമിതമായി കഴിച്ചാൽ എന്താണുണ്ടാവുക? കഴിച്ച് പരീക്ഷിച്ച ജോസഫ് എവറെറ്റ് എന്ന ബോഡി ബിൽഡർ പറയുന്നത് ഇങ്ങനെ..

ജാപ്പനീസ് സ്വദേശിയായ ജോസഫ്, ടോക്കിയോയിലാണ് താമസം. യൂട്യൂബർ കൂടിയായ യുവാവ് തന്റെ പരീക്ഷണത്തിന്റെ വീഡിയോകൾ ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഓംലെറ്റ്, സ്മൂത്തി, മുട്ടയും ചോറും എന്നിവയെല്ലാമാണ് അദ്ദേഹം കഴിച്ചിരുന്നത്. പരീക്ഷണം തുടങ്ങുന്നതിന് മുൻപ് അദ്ദേഹം ഫിറ്റ്നസ് അളന്നിരുന്നു. ഭാരം കണക്കാക്കുകയും രക്ത പരിശോധന നടത്തി ശരീരത്തിലെ പോഷകങ്ങളുടെ അളവ് രേഖപ്പെടുത്തുകയും ചെയ്തു. കൊളസ്ട്രോൾ, ടെസ്റ്റോസ്റ്റിറോൺ എന്നിവയുടെ നിരക്കും അദ്ദേഹം എഴുതിവച്ചു.

ഒരുമാസത്തെ പരീക്ഷണത്തിന് ശേഷം എല്ലാ പരിശോധനകളും വീണ്ടും നടത്തിയപ്പോൾ ശരീരത്തിലെ പേശീബലം ആറ് കിലോയോളം വർദ്ധിച്ചുവെന്ന് കണ്ടെത്തി. മോശം കൊഴുപ്പ് ഒട്ടുമേ വർദ്ധിച്ചിട്ടില്ലെന്ന് മാത്രമല്ല, നല്ല കൊളസ്ട്രോൾ കൂടുകയും ചെയ്തു. രക്തത്തിൽ കാണുന്ന അപകടകാരിയായ കൊഴുപ്പായ triglycerides വൻതോതിൽ ഇടിഞ്ഞതായും കണ്ടെത്തി. ഇത് ഹൃദ്രോ​ഗത്തിന് കാരണമാക്കുന്ന കൊഴുപ്പാണ്.

30 മുട്ട വീതം ദിവസം കഴിച്ചിരുന്ന ജോസഫ് എവറെറ്റ് കൃത്യമായി വ്യായാമം ചെയ്യുകയും ഭാരോദ്വഹനത്തിലൂടെ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇത്രയധികം മുട്ട കഴിക്കുന്നത് സ്റ്റിറോയ്ഡുകളുടെ ഫലം ചെയ്തെന്നാണ് ജോസഫ് എവറെറ്റിന്റെ അവകാശവാദം. എന്നാൽ ഇത് തീർത്തും വ്യക്തിപരമായ അനുഭവമാണെന്നും ജോസഫിനെ അനുകരിച്ച് മറ്റുള്ളവർ ‘പണി’ വാങ്ങിക്കരുതെന്നുമാണ് ആരോ​ഗ്യവിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

Share
Leave a Comment