മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ഛാവയെ നെഞ്ചേറ്റി പ്രേക്ഷകർ. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവരുമ്പോൾ 31 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
2025-ൽ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ ഓപ്പണിംഗ് നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഛാവ. വിക്കിയുടെ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ കൂടിയാണിത്. അക്ഷയ് കുമാറിന്റെ ചിത്രമായ സ്കൈ ഫോഴ്സിന്റെ ആദ്യ ദിന കളക്ഷനെയും ഛാവ പിന്നിലാക്കിയിട്ടുണ്ട്.
ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തെ കുറിച്ച് ആവേശകരമായ പ്രതികരണങ്ങളാണ് പ്രേക്ഷകർക്കിടയിലുണ്ടായത്. സംഭാജി മഹാരാജാവിനെ നേരിട്ടു കാണാൻ കഴിഞ്ഞുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിന്റെ മേക്കിംഗിനെ കുറിച്ചും പശ്ചാത്തല സംഗീതത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
സംഭാജി മഹാരാജാവിന്റെ ഭാര്യ യെശുഭായിയായി എത്തിയ രശ്മിക മന്ദാനയുടെ പ്രകടനത്തെ കുറിച്ചും ആരാധകർ എടുത്തുപറയുന്നുണ്ട്. വിക്കി കൗശലിന്റെയും അക്ഷയ് ഖന്നയുടെയും ആക്ഷൻ രംഗങ്ങളും ഗംഭീരമായിരുന്നുവെന്നാണ് പ്രേക്ഷകാഭിപ്രായം. കഥകളിൽ മാത്രം കേട്ടുമറന്ന കഥാപാത്രങ്ങളെ ബിഗ്സ്ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. കളക്ഷൻ റിപ്പോർട്ടിൽ വരും ദിവസങ്ങളിലും കുതിപ്പ് തുടരുമെന്നാണ് നിഗമനം.















