തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളിലെ റാഗിങ് വിഷയത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ആന്റി റാഗിങ് സെല്ലുകൾ കൃത്യമായി പ്രവർത്തിക്കാത്തതല്ല റാഗിങ് വർദ്ധിക്കാൻ കാരണമെന്ന് മന്ത്രി അവകാശപ്പെട്ടു.
ഭീതിയുടെ അന്തരീക്ഷം ഉണ്ടാകുമ്പോൾ കുട്ടികൾ ഭയപ്പെടുന്നതാണ് റാഗിങ്ങിന് കാരണമെന്നാണ് മന്ത്രിയുടെ ന്യായീകരണം. കുട്ടികൾക്കുള്ളിലെ സംഘർഷങ്ങൾ തുറന്നുപറയാനുള്ള സാവകാശം ലഭിക്കാത്തതാണ് റാഗിങ്ങിന് ഇരയാകുന്നതിനെ മറ്റൊരു കാരണമെന്നും മന്ത്രി പറഞ്ഞു. പാരസ്പര്യത്തിന്റെ കണ്ണി ചേർക്കലുകൾ കുറേക്കൂടി സംഘടിതമാക്കാത്തതും റാഗിങ്ങിന് കാരണമാണെന്നാണ് മന്ത്രിയുടെ അഭിപ്രായം.
കോട്ടയം നഴ്സിംഗ് കോളേജിലെ അതിക്രൂര റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് വിരുദ്ധ സെല്ലുകൾക്കെതിരെ ഉയർന്ന വിമർശനം നിഷേധിക്കുകയായിരുന്നു മന്ത്രി. റാഗിങ് വിരുദ്ധ സെല്ലുകൾ നേരേ ചൊവ്വേ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇത്തരം പൈശാചിക റാഗിങ്ങുകൾ തുടരില്ലെന്ന് ചിലർ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശനത്തെ മന്ത്രി തള്ളിയത്.
കോട്ടയത്തെ റാഗിങ്ങിനെ തുടർന്ന് സീനിയർ വിദ്യാർത്ഥികളായ അഞ്ച് പേരാണ് നിലവിൽ റിമാൻഡിൽ കഴിയുന്നത്. ഇവരെ തുടർ പഠനത്തിന് അനുവദിക്കില്ലെന്ന് നഴ്സിംഗ് കൗൺസിലും അറിയിച്ചിരുന്നു.















