പനാജി: ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് പിന്നാലെ മുൻ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു. ഗോവയിലെ നിയമസഭാംഗമായിരുന്ന ലാഓ മമലേദർ ആണ് മരിച്ചത്. കർണാടകയിലെ ബെൽഗാവിയിലായിരുന്നു സംഭവം.
ഇടുങ്ങിയ റോഡിൽ വെച്ച് മമലേദറിന്റെ കാർ എതിരെ വന്ന ഓട്ടോറിക്ഷയിൽ തട്ടിയിരുന്നു. ഇതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറും മുൻ എംഎൽഎയും തമ്മിൽ തർക്കമുണ്ടായി. ഓട്ടോ ഡ്രൈവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും മമലേദർ നൽകാൻ വിസമ്മതിച്ചു.
പിന്നാലെ മമലേദരിനെ പിന്തുടർന്ന് ഡ്രൈവർ ഹോട്ടലിലും എത്തി. കാറിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തെ ഡ്രൈവർ ഹോട്ടലിന് മുന്നിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. കയ്യേറ്റത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇതിന് ശേഷം ഹോട്ടലിലേക്ക് കയറുന്നതിനിടെ റിസപ്ഷനിൽ മമലേദർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2012 ൽ പോണ്ട മണ്ഡലത്തിൽ നിന്ന് മഹാരാഷ്‌ട്രവാദി ഗോമണ്ടക് പാർട്ടി ടിക്കറ്റിലാണ് ലാഓ മമലേദർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് പാർട്ടി വിട്ട അദ്ദേഹം കോൺഗ്രസ് ചേർന്നിരുന്നു.















