ആഗോള വിജയമായ മാർക്കോയ്‌ക്ക് ശേഷമെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ട്രെയിലർ എത്തി. ഉണ്ണി മുകുന്ദൻ ഗൈനക്കോളജിസ്റ്റായി എത്തുന്ന ചിത്രം അടിമുടി ഫീൽഗുഡ് ജോണറിലാണ് അണിയിച്ചൊരുക്കിയതെന്ന് വ്യക്തമാക്കുന്ന ട്രെയിലറാണ് പുറത്തുവന്നത്. മെഡിക്കൽ കോളേജിലെ പഠന കാലവും പിന്നീട് ഡോക്ടറായി പുറത്തിറങ്ങിയ ശേഷം ഉണ്ണിയുടെ കഥാപാത്രം നേരിടുന്ന വെല്ലുവിളികളും നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതാണ് ഈ ഫാമിലി എന്റർടൈനർ.
ഫെബ്രുവരി 21ന് തിയേറ്ററിലെത്തുന്ന ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കോഹിനൂർ എന്ന ആസിഫ് അലി ചിത്രത്തിന് ശേഷം വിനയ് ഗോവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖില വിമലാണ് നായിക. ശ്യാം മോഹൻ, ചെമ്പൻ വിനോദ് ജോസ്, സുരഭി, മുത്തുമണി,
മീരാ വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, സുധീഷ്,പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ,ഭഗത് മാനുവൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . സ്കന്ദാ സിനിമാസും കിങ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ,സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു.