ലക്നൗ: ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള പരിസമാപ്തിയിലേക്ക് അടക്കുമ്പോൾ 50 കോടിയിലധികം ഭക്തരാണ് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്തത്. മൗനി അമാവാസി പോലുള്ള ദിവസങ്ങളിൽ കോടിക്കണക്കിന് ഭക്തരാണ് പ്രയാഗ്രാജിൽ എത്തിയത്. എന്നാൽ അഭൂതപൂർവമായ തിരക്കിലും ശുചിത്വം ഉറപ്പിക്കാൻ യുപി സർക്കാരിന് സാധിച്ചു. എവിടെയെങ്കിലും ഒന്നും പാളിയിരുന്നെങ്കിൽ പകർച്ചവ്യാധികൾക്ക് സാധ്യത വളരെ കൂടുതലായിരുന്നു. ഇവിടെയാണ് ടെക്നോളജിയുടെ അനന്തസാധ്യതകൾ കുംഭമേള പ്രയോജനപ്പെടുത്തിയതെങ്ങനെയെന്ന് അറിയേണ്ടത്.
ഞായറാഴ്ച ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ കേന്ദ്ര ബഹിരാകാശ, ആണവോർജ മന്ത്രി ജിതേന്ദ്ര സിംഗാണ് ഇതിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തിയത്. ശുചിത്വം ഉറപ്പാക്കുന്നതിൽ ആണവ സാങ്കേതികവിദ്യ നിർണായക പങ്കുവഹിച്ചെന്ന് മന്ത്രി പറഞ്ഞു.
ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററും (BARC) ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചും (IGCAR) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിങ് ബാച്ച് റിയാക്ടർ (hgSBR) ആണ് പ്രധാന താരം. hgSBR ഉപയോഗിച്ചാണ് മലിനജലം സംസ്കരിച്ചത്. മലിനജലം സംസ്‌കരിക്കാൻ സൂക്ഷ്മാണുക്കളെയാണ് പ്ളാന്റുകൾ ഉപയോഗിക്കുന്നത്. ‘ഫീക്കൽ സ്ളഡ്‌ജ് ട്രീറ്റ്‌മെന്റ് പ്ളാന്റ്’ എന്നറിയപ്പെടുന്ന ഈ സംവിധാനം ആണവോർജ്ജ വകുപ്പിലെ ഡോ. വെങ്കിട് നെഞ്ചരയ്യ ആണ് വികസിപ്പിച്ചെടുത്തത്. സംസ്കരിച്ച വെള്ളം തിരികെ വിടുന്നതിന് മുമ്പ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നെന്നും ഇത് ഉറപ്പാക്കുന്നുണ്ട്.
കുംഭമേളയിലെ 9, 13, 15 സെക്ടറുകളിൽ hgSBR സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മൂന്ന് താൽക്കാലിക മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. ഓരോ പ്ലാന്റിനും പ്രതിദിനം 500 കിലോ ലിറ്റർ സംസ്കരണ ശേഷിയുണ്ട്. താൽക്കാലിക ടോയ്‌ലറ്റുകളിൽ നിന്നും ഡ്രെയിനുകളിൽ നിന്നുമുള്ള മലിനജലം കൈകാര്യം ചെയ്യാൻ കഴിയുന്ന ഏകദേശം 11 സ്ഥിരം മലിനജല ശുദ്ധീകരണ പ്ലാന്റുകളും മൂന്ന് താൽക്കാലിക പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിദിനം 1.5 ലക്ഷം ലിറ്ററിലധികം മലിനജലം സംസ്കരിക്കപ്പെടുന്നു. പരിസര ശുചിത്വം ഉറപ്പാക്കാൻ പ്രദേശത്ത് 1.5 ലക്ഷം ശൗചാലയങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഇതോടൊപ്പം, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാൻ 200 ലധികം വാട്ടർ ഡിസ്പെൻസിംഗ് മെഷിനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ഇത്രയും ജനക്കൂട്ടം എത്തുന്ന സ്ഥലത്ത് ശുചിത്വത്തിന്റെ ആഗോള മാനദണ്ഡം ഉറപ്പാക്കാൻ സാധിച്ചത് കൂട്ടായ ശ്രമത്തിലൂടെയാണന്നും BARC, IGCAR തുടങ്ങി സ്ഥാപനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.















