ലക്നൗ: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കലുംപെട്ട് യാത്രക്കാർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി റെയിൽവേ. അയോദ്ധ്യ, കാൻപൂർ, ലക്നൗ, മിർസാപൂർ എന്നിവ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. കുംഭമേള സമാപിക്കുന്ന ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷൻ അടച്ചിട്ടു.
പ്രയാഗ്‌രാജ് സ്റ്റേഷനുകളിലേക്ക് അധികമായി വരുന്ന യാത്രക്കാരെ ഹോൾഡിംഗ് സോണിലേക്ക് മാറ്റുമെന്ന് റെയിൽവേ അഡീഷണൽ ഡയറക്ടർ ജനറൽ പ്രകാശ് പറഞ്ഞു. പ്രയാഗ്‌രാജിൽ ദിവസവും 500 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി യാത്രക്കാർക്കും പൊലീസിനും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അത് പാലിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ച് അപകടമുണ്ടായത്. ചില ട്രെയിനുകൾ വൈകിയതും അനൗൺസ്മെന്റിലെ ആശയക്കുഴപ്പവവുമാണ് അപകടത്തിന് കാരണമായത്. യാത്രക്കാർ പടിക്കെട്ടിലൂടെ 16-ാം നമ്പർ പ്ലാറ്റ്ഫാേമിലേക്ക് പാഞ്ഞുകയറിയത് അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കുകയായിരുന്നു. 18 പേരാണ് അപകടത്തിൽ മരിച്ചത്.