ബംഗളൂരു: പതിനഞ്ചുകാരന്റെ കയ്യിൽ നിന്നും തോക്ക് അബദ്ധത്തിൽ പൊട്ടി നാലു വയസുകാരന് ദാരുണാന്ത്യം. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ടോടൊണ് സംഭവം. പശ്ചിമബംഗാൾ സ്വദേശികളുടെ മകനായ അഭിജിത്താണ് മരിച്ചത്. കോഴിഫാമിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നു കുടുംബം. അടുത്ത ഫാമിൽ ജോലിക്കെത്തിയ 15 കാരനാണ് വെടിയുതിർത്തത്.
ഫാമിന്റെ ഉടമകൾ തോക്ക് കൈവശം വച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫാമിൽ എത്തിയ 15 കാരൻ ഈ തോക്ക് കാണുകയും പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ കാഞ്ചി വലിക്കുകയും ചെയ്തു. വയറ്റിൽ വെടിയേറ്റ കുട്ടി രക്തം വാർന്ന് തൽക്ഷണം മരിക്കുകയായിരുന്നു. അമ്മയുടെ കാലിനാണ് പരിക്ക്. 15 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫാം ഉടമകൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.















