വയനാട് കമ്പമലയിൽ കാട്ടുതീ പടരുന്നു. മലയുടെ ഒരു ഭാഗം കത്തിമയർന്നുവെന്ന് വിവരം. പുൽമേടുകൾ നിറഞ്ഞ മലയുടെ ഒരു ഭാഗമാണ് ചാരമായതെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ തീകെടുത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കനത്ത ചൂടും കാറ്റും കാരണം തീ മലയുടെ പരിസര പ്രദേശങ്ങളിലും പടർന്നു പിടിച്ചതായി റിപ്പോർട്ടുണ്ട്. വനമേഖലയിലെ പുൽമേടിലാണ് നിലവിൽ തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയുണ്ട്.
കമ്പമലയിൽ പല ഭാഗത്തായി പുക ഉയരുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു മലയിൽ നിന്ന് മറ്റൊരു മലയിലേക്ക് തീ പർന്നിട്ടുണ്ട്. പ്രദേശത്ത് കൂടുതലുമുള്ളത് തേയില തോട്ടങ്ങളാണ്. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. തീപിടിച്ചത് പഞ്ചാരക്കൊല്ലിയിലെ കാടിനാണ്.















