തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. ഒന്നാംവർഷ വിദ്യാർത്ഥി ബിൻസ് ജോസഫാണ് കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. അന്വേഷണം നടത്തിയ കോളേജ് ആന്റി റാഗിംഗ് കമ്മിറ്റി പരാതിയിൽ കഴമ്പുണ്ടെന്നും സ്ഥിരീകരിച്ചു. തുടർന്ന് പ്രിൻസിപ്പൽ പരാതി പൊലീസിന് കൈമാറി.
മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ എസ്എഫ്ഐ പ്രവർത്തകരാണ് വിദ്യാർത്ഥിയെ മർദ്ദനത്തിരനിരയാക്കിയത്. എസ്എഫ്ഐ പ്രവർത്തകരായ വേലു, പ്രിൻസ്, അനന്ദൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നീ ഏഴുപേർക്കെതിരെയാണ് പരാതി. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി റൂമിൽ വച്ചായിരുന്നു സംഭവം. ഇവർ വസ്ത്രങ്ങൾ വലിച്ചുകീറുകയും ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തെന്ന് വിദ്യാർത്ഥി പറഞ്ഞു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ കുപ്പിവെള്ളത്തിൽ തുപ്പിയിട്ട ശേഷം നൽകി കുടിപ്പിച്ചു. തലയിൽ മുളവടികൊണ്ട് മർദ്ദിച്ചു.
കഴിഞ്ഞ മാസം 11 നാണ് സംഭവം. മർദ്ദിച്ചെന്ന് പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. സംഭവത്തിൽ റാഗിംഗിന് കേസെടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. മുൻപ് സീനിയർ വിദ്യാർത്ഥികളായും ജൂനിയർ വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് എസ്എഫ്ഐ വിദ്യാർത്ഥികളുടെ മർദ്ദനമെന്നാണ് സൂചന