നഗര മദ്ധ്യത്തിൽ ഒൻപതാം നിലയിലെ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റിൽ 300 ഓളം പൂച്ചകളെ കണ്ടെത്തി. പൂനെയിലെ മാർവൽ ബൗണ്ടി സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് അസാധാരണ രംഗം. അയൽക്കാരുടെ പരാതിയെത്തുടർന്ന് മുനിസിപ്പൽ കോർപ്പറേഷൻ നടത്തിയ പരിശോധനയിലാണ് പൂച്ചകളെ കണ്ടെത്തിയത്.
തെരുവിൽ അലഞ്ഞു തിരിയുന്ന പൂച്ചകളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നയാളാണ് ഫ്ലാറ്റുടമ. സാധാരണയായി പൂച്ചയെ പിടിച്ച് കൊണ്ടുവന്ന് ഭക്ഷണം നൽകി ആരോഗ്യം മെച്ചപ്പെടുമ്പോൾ തുറന്ന് വിടാറാണ് പതിവ്. എന്നാൽ പൂച്ചകളുടെ എണ്ണം കൂടിയതോടെ ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ അയൽക്കാർ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പൂച്ചകൾ കുമ്മിഞ്ഞുകൂടി കിടക്കുകയായിരുന്നുവെന്ന് പരിശോധന നടത്തിയ കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ നിലേഷ് ജഗ്ദേൽ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ പൂച്ചകളെയും മാറ്റാൻ ഫ്ലാറ്റ് ഉടമയ്‌ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.