വാഷിംഗ്ടൺ: യുഎസിലെ കെന്റിക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ മരിച്ചു. ജോർജിയ, ടെന്നസി, ഫ്ലോറിഡ, അൽബാമ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. കനത്ത മഴയ്‌ക്ക് പിന്നാലെ പലയിടങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി.
അപകടസാധ്യത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റിന് പിന്നാലെ കൂറ്റൻ മരങ്ങൾ കടപുഴകി വീണു. മഴയും കാറ്റും തുടരുന്നതിനാൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നാഷണൽ വെതർ സർവീസ് നിർദേശിച്ചു.
വിവിധയിടങ്ങളിൽ ചുഴലിക്കാറ്റും രൂക്ഷമാകുന്നുണ്ട്. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് കർശന നിർദേശമുണ്ട്. ചുഴലിക്കാറ്റ് വിതച്ച പ്രദേശത്തെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വിദേശ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു.
കെന്റിക്കിയിൽ മുന്നൂറിലധികം റോഡുകൾ അടച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അപകടമേഖലയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിലും കെന്റിക്കിയിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.