പാടുന്നതിനിടെ ഫോട്ടോ എടുക്കാൻ എത്തിയ ആരാധികയെ ചുംബിക്കുന്ന ഗായകൻ ഉദിത് നാരായണന്റെ വീഡിയോ അടുത്തിടെ വലിയ വിവാദമായിരുന്നു. വേദിക്ക് സമീപത്തെത്തിയ ഒന്നിലധികം പെൺകുട്ടികളെ അനുവാദമില്ലാതെ ചുംബിച്ച ഗായകൻ വലിയ തോതിൽ സൈബറാക്രമണങ്ങളും നേരിട്ടു. ഇപ്പോഴിതാ, പൊതുവേദിയിലെത്തിയ ഉദിത് നാരാണയനെ പാപ്പരാസികൾ കളിയാക്കുന്ന വീഡിയോ പുറത്തുവരികയാണ്. വിവാദങ്ങൾ കെട്ടടഞ്ഞതിന് പിന്നാലെ ആദ്യമായാണ് ഉദിത് പൊതുവേദിയിൽ എത്തുന്നത്.
ഉദിത് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനിടെ, ‘സർ നമുക്കൊന്ന് ചുംബിച്ചാലോ’ എന്ന് പാപ്പരാസികളിൽ ഒരാൾ ചോദിച്ചു. ദി റോഷൻസ് എന്ന ഡോക്യുമെന്ററിയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പരിഹാസം. എന്നാൽ ഒന്നും പ്രതികരിക്കാതെ തിരിഞ്ഞുപോവുകയായിരുന്നു ഉദിത് നാരായണൻ.
ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോയ്‌ക്ക് പിന്നാലെ പരിഹാസ്യ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഇതിനിടെ ശ്രേയാ ഘോഷാൽ, അൽക്ത യാഗ്നിക് എന്നിവരെ ഉദിത് ചുംബിക്കുന്ന പഴയ വീഡിയോകളും പാപ്പരാസികൾ കുത്തിപൊക്കി. എന്നാൽ ഇത്തരം കാര്യങ്ങൾ വിവാദമാക്കുന്നത് എന്തിനാണെന്നും ഗായകർ എപ്പോഴും സ്നേഹം പ്രകടിപ്പിക്കുന്നവരാണെന്നും ഉദിത് പറഞ്ഞു.















