സെലിബ്രിറ്റികൾ പൊതുവേദികളിൽ നടത്തുന്ന പരസ്യപ്രസ്താവനകൾ വിവാദങ്ങൾക്ക് വഴിവയ്‌ക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. പറയുന്നയാളുടെ അർത്ഥമായിരിക്കില്ല കേൾക്കുന്നവർ നൽകുന്ന അർത്ഥം. നിയമനടപടി സ്വീകരിക്കുന്നത് വരെയുള്ള പ്രശ്നങ്ങളിലേക്ക് അത്തരം പ്രസ്താവനകൾ ചെന്നത്താറുണ്ട്. അത്തരത്തിൽ തെലുങ്ക് നിർമാതാവ് ശ്രീനിവാസ കുമാറിന്റെ പ്രസ്താവനയും വിമർശനങ്ങൾക്ക് വഴിവയ്‌ക്കുകയാണ്.
തെലുങ്ക് സംസാരിക്കാൻ അറിയാത്ത നടിമാരെയാണ് തനിക്ക് കൂടുതൽ ഇഷ്ടം എന്നാണ് ശ്രീനിവാസന്റെ പരാമർശം. “തെലുങ്ക് സംസാരിക്കുന്ന നായികമാരെക്കാൾ തെലുങ്ക് സംസാരിക്കാത്ത നടിമാരെയാണ് ഞങ്ങൾ കൂടുതലായും പ്രോത്സാഹിപ്പിക്കുന്നത്. തെലുങ്ക് സംസാരിക്കാത്ത നായികമാരെ പിന്തുണക്കാമെന്ന് ഞാനും എന്റെ സംവിധായകൻ സായ് രാജേഷും കൂടി തീരുമാനിച്ചുവെന്ന്” ശ്രീനിവാസ പറഞ്ഞു.
ഹൈദരാബാദിൽ നടന്ന ഡ്രാഗൺ എന്ന സിനിമയുടെ പ്രെമോഷൻ പരിപാടിക്കിടെയായിരുന്നു നിർമാതാവിന്റെ പരാമർശം. ഇതോടെ സായ് രാജേഷിന്റെ പുതിയ ചിത്രത്തിലെ നായിക വൈഷ്ണവി ചൈതന്യയെ കുറിച്ചാണോ പറയുന്നതെന്ന ചോദ്യവും ഉയർന്നു. താരത്തെ അപമാനിക്കുന്ന പരാമർശം എന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി.
വിഷയം വിവാദമായതോടെ തന്റെ പ്രസ്താവന വ്യക്തമാക്കികൊണ്ട് ശ്രീനാവസ എക്സിൽ ഒരു പോസ്റ്റ് പങ്കുവച്ചു. ഇന്ന് എല്ലാവർക്കും വിനോദത്തേക്കാൾ വിവാദങ്ങളാണ് ഏറ്റവുമധികം ഇഷ്ടമെന്നും താൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ശ്രീനിവാസ കുറിച്ചു. തെലുങ്ക് സിനിമയിലേക്ക് കഴിവുള്ള ഏറ്റവും കൂടുതൽ നടിമാരെ പരിചയപ്പെടുത്തിയ ചുരുക്കും ചില നിർമാതാക്കളിൽ ഒരാളാണ് താനെന്നും അദ്ദേഹം ഓർമിപ്പിച്ചു.















