ലക്നൗ: മഹാകുംഭമേളയില്‍ പങ്കെടുത്ത് ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിലെത്തിയ അദ്ദേഹം ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജയ്‌ക്ക് ശേഷം ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ആനന്ദ ബോസ് പ്രയാഗ്‌രാജിലെത്തിയത്.
ഇന്ത്യയുടെ മഹത്തായ തനതു സംസ്‌കാരത്തിലും പൈതൃകത്തിലും നിലനിൽക്കുന്ന ആത്മീയ സമ്പത്തിന്റെ മഹാസംഗമമെന്നാണ് മഹാകുംഭമേളയെ ആനന്ദ ബോസ് വിശേഷിപ്പിച്ചത്. അഹം ബ്രഹ്മാസ്മി’ എന്ന ഭാരതത്തിന്റെ അദ്വൈത ദാർശനിക ജ്ഞാനം നേരിട്ട് മനസിലാക്കാനാണ് ലോകം സ്വമേധയാ പ്രയാഗ്‌രാജിലേക്ക് ഒഴുകുന്നത്. ഇത് എല്ലാ ഭാരതീയർക്കും അഭിമാനകരമാണെന്നും ഗവർണർ പറഞ്ഞു.
മഹാകുംഭമേള അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ പ്രയാഗ്‌രാജിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനയാണുള്ളത്. തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധയിടങ്ങളിൽ അധിക പൊലീസ് സന്നാഹങ്ങളെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായി സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ഡയറക്ടർ ജനറൽ ജി പി സിംഗ് കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിൽ എത്തിയിരുന്നു. വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കാൻ സാധ്യതയെന്നാണ് വിലയിരുത്തൽ.















