ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി ഇന്ത്യയുടെ ഉപനായകൻ ശുഭ്മാൻ ഗിൽ. പാകിസ്താൻ താരം ബാബർ അസമിനെയാണ് താരം മറികടന്നത്. ഇംഗ്ലണ്ടിനെതിര നാട്ടിൽ നടന്ന പരമ്പരയിലെ മികച്ച പ്രകടനമാണ് ഗില്ലിന് ഗുണമായത്. ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് പുറത്തുവിട്ട റാങ്കിംഗ് പട്ടികയിലാണ് ഗിൽ തലപ്പത്ത് എത്തിയത്. ഇംഗ്ലണ്ടിനെതിരെ രണ്ട് അർദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഗിൽ നേടിയിരുന്നു.അതേസമയം ബാബറിന് ഇതുവരെയും ഫോമിലേക്ക് മടങ്ങിയെത്താൻ സാധിച്ചിട്ടില്ല.
ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കിയപ്പോൾ ഗിൽ ടോസ് സ്കോററുമായി(259). 796 പോയിന്റാണ് ഗില്ലിന് ലഭിച്ചത്. 773 പോയിന്റാണ് ബാബറിന് ലഭിച്ചത്. 761 പോയിന്റുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് മൂന്നാം സ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസൻ ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.
ഇത് രണ്ടാം തവണയാണ് ഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2023 ഏകദിന ലോകകപ്പ് നടക്കുമ്പോഴും ബാബറിനെ പിന്നിലാക്കി ഗിൽ തലപ്പത്ത് എത്തിയിരുന്നു. മഹീഷ് തീക്ഷണയാണ് ബോളർമാരുടെ പട്ടികയിൽ ഒന്നാമത്. അഫാഗാൻ താരം റാഷിദ് ഖാനാണ് തൊട്ടുപിന്നിൽ.















