ശ്വാസകോശത്തിൽ കയറിയ പേനയുടെ ‘അടപ്പ്’ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. 21 വർഷം മുൻപ് ശരീരത്തിനുള്ളിൽ കയറിയ വസ്തുവാണ് ഒടുവിൽ നീക്കം ചെയ്തത്. 26-കാരനായ യുവാവാണ് അപൂർവ ശസ്ത്രക്രിയക്ക് വിധേയനായത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, നിർത്താതെയുള്ള ചുമ, അകാരണമായി ഭാരം കുറയൽ എന്നീ അവസ്ഥകളിലൂടെയാണ് കഴിഞ്ഞ രണ്ട് ദശാബ്ദമായി അയാൾ കടന്നുപോയിരുന്നത്. നിരവധി ഡോക്ടർമാരെ കണ്ടുചികിത്സ തേടിയെങ്കിലും പരിഹാരമുണ്ടായില്ല. കരിംനഗർ സ്വദേശിയായ 26കാരൻ ഒടുവിൽ ഹൈദരാബാദിലുള്ള ആശുപത്രിയിലെത്തി. കിംസിലെ പൾമണോളജിസ്റ്റായ ഡോ. ശുഭകർ നാദെല്ല സിടി സ്കാൻ ചെയ്യാൻ നിർദേശിച്ചു.
ശ്വാസകോശത്തിൽ മുഴപോലെ എന്തോ ഒന്ന് ഇരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. നിർത്താതെയുള്ള ചുമ കാരണം രൂപപ്പെട്ട എന്തെങ്കിലുമാണെന്നാണ് ആദ്യം ഡോക്ടർ കരുതിയത്. മുഴ നീക്കം ചെയ്യാൻ വിദഗ്ധ സംഘം തീരുമാനിക്കുകയും ചെയ്തു. ഇതിനായി ശസ്ത്രക്രിയ തുടങ്ങി പകുതിയായപ്പോൾ ശ്വാസകോശത്തിലുള്ളത് മുഴയല്ലെന്നും പേനയുടെ അടപ്പ് തറച്ചിരിക്കുകയാണെന്നും തിരിച്ചറിയുകയായിരുന്നു.

കുഞ്ഞായിരുന്നപ്പോൾ എന്തെങ്കിലും അബദ്ധത്തിൽ വിഴുങ്ങിയിരുന്നോയെന്ന് രോഗിയുടെ സഹോദരനോട് ഡോക്ടർ ആരാഞ്ഞു. അഞ്ച് വയസുള്ളപ്പോൾ പേനയുടെ അടപ്പ് വിഴുങ്ങിയ സംഭവം സഹോദരൻ ഓർത്തെടുത്തു. അന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുഴപ്പമൊന്നുമില്ലെന്നും ശരീരത്തിനകത്ത് പ്രത്യേകിച്ച് ഒന്നും കാണുന്നില്ലെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. മലവിസർജ്ജനത്തിലൂടെ അടപ്പ് പുറത്ത് പോയിരിക്കാമെന്ന് വീട്ടുകാരും കരുതി.
മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ 21 വർഷം പഴക്കമുള്ള അടപ്പ് ഡോക്ടർ പുറത്തെടുത്തു. യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.















