ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്‌ക്ക് 12 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. പർവേഷ് വർമ ഉപമുഖ്യമന്ത്രിയായും വിജേന്ദ്ര ഗുപ്ത സ്പീക്കറായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിരുടെ സാന്നിധ്യത്തിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഡൽഹിയെ നയിക്കാൻ പെൺകരുത്ത് വേണമെന്ന സുപ്രധാന തീരുമാനം ബിജെപി നേതൃത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപനം. 48 സീറ്റുകൾ നേടി വിജയിച്ച നിയമസഭാംഗങ്ങളിൽ 15 പേരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നു. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്ത. 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രേഖയുടെ വിജയം. ഡൽഹിയിലെ നാലാമത്തെ വനിത മുഖ്യമന്ത്രിയാണ് ഷാലിമാർ ബാഗ് മണ്ഡലത്തിലെ എംഎൽഎയായ രേഖ.
20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. 50-ലധികം സിനിമാ താരങ്ങളും വ്യവസായികളും പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി കൈലാഷ് ഖേർ അവതരിപ്പിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കും. പ്രധാന രാജ്യങ്ങളിലെ നയതന്ത്രജ്ഞരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൂടാതെ സ്വാമി ചിദാനന്ദ, ബാബാ രാംദേവ്, ബാഗേശ്വർ ധാം പീഠാധീശ്വർ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി എന്നിവരും ചടങ്ങിന്റെ ഭാഗമാകും.















