എറണാകുളം: അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെത്തിച്ച മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലെന്ന് വനംവകുപ്പ്. സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത കുറവാണെന്നും ആരോഗ്യസ്ഥിതി അതേ നിലയിൽ തന്നെ തുടരുന്നുവെന്നും വനംവകുപ്പ് അറിയിച്ചു. ഇലകളും പുല്ലുകളും കഴിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് ശുഭസൂചന നൽകുന്നുവെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്.
ഡോക്ടർ അരുൺ സക്കറിയ ഇന്നും ആനയെ പരിശോധിക്കും. ആഴത്തിലുള്ള മുറിവാണെന്നും മുറിവ് നിറയെ പുഴുക്കളുണ്ടായിരുന്നെന്നും ആനയെ ഇന്നലെ പരിശോധിച്ചതിന് ശേഷം അരുൺ സക്കറിയ പറഞ്ഞിരുന്നു. ചികിത്സ നൽകുന്ന ദൗത്യം പൂർണവിജയമെന്ന് പറയാനായിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് വിലയിരുത്തും.
ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാൻ ഇപ്പോഴും 30 ശതമാനം സാധ്യത മാത്രമാണുള്ളത്. പ്രത്യേകം തയാറാക്കിയ കൂട്ടിൽ ആന ശാന്തനായി തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. ഒന്നര മാസത്തോളം ആനയ്‌ക്ക് ചികിത്സ നൽകേണ്ടി വരും. ആനയ്‌ക്ക് നൽകേണ്ട ചികിത്സയെ കുറിച്ച് പ്രത്യേക മെഡിക്കൽ സംഘം മാർഗരേഖയുണ്ടാക്കും.















