കീവ് : യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതിനിധി കെയ്ത് കെല്ലോഗുമായി ചർച്ച നടത്താനൊരുങ്ങി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി. യുഎസും യുക്രെയ്നും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കൂടിക്കാഴച നടത്തുന്നത്. യുഎസ്-യുക്രെയ്ൻ ബന്ധം ശക്തമായി തുടരുമെന്നും സെലൻസ്കി എക്സിലൂടെ അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള ചർച്ചകൾ നടക്കും. യുഎസിന്റെ എല്ലാ പ്രതിനിധികളുമായും വിപുലമായ ചർച്ചകൾ നടത്തുമെന്ന് സെലൻസ്കി അറിയിച്ചു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
സൈനിക കമാൻഡ്, ഇന്റലിജൻസ്, മന്ത്രിമാർ എന്നിവരുമായി യുക്രെയ്ൻ പ്രസിഡന്റ് ചർച്ച നടത്തും. നാളെയായിരിക്കും കൂടിക്കാഴ്ച നടത്തുക. അമേരിക്കയുമായി ചേർന്ന് യുക്രെയ്ൻ കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സെലൻസ്കി എക്സിൽ കുറിച്ചു.
അതേസമയം, സെലൻസ്കിക്കെതിരെ ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ ട്രൂത്തിൽ സെലൻസ്കിയെ ഏകാധിപതിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നുമായിരുന്നു ട്രംപിന്റെ ആരോപണം.















