കോഴിക്കോട്: ശമ്പളം മുടങ്ങിയതിനെത്തുടർന്ന് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശിദീകരണവുമായി താമരശ്ശേരി അതിരൂപത രംഗത്തെത്തി. മാനേജ്മെന്റിന് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താമരശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.
ഭിന്നശേഷി സംവരണത്തിലെ സാങ്കേതിക തടസ്സങ്ങൾ മൂലമാണ് അധ്യാപികക്ക് സ്ഥിരം നിയമനം ലഭിക്കാഞ്ഞത് എന്നും പ്രസ്‍താവന പറയുന്നു. നിയമനത്തിനായി പണം വാങ്ങിയിട്ടില്ല. അലീനയെ പോലെ നിരവധി അധ്യാപകർ കോർപ്പറേറ്റ് മാനേജ്മെന്റുകൾ കീഴിൽ ജോലി ചെയ്യുന്നു മാനേജ്മെന്റ് സ്വന്തം നിലയിൽ അലീനയ്‌ക്ക് താൽക്കാലിക ധനസഹായം നൽകിയിരുന്നു എന്നും വിശദീകരണത്തിലുണ്ട്.
കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽ.പി. സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമനാംഗീകാരം കിട്ടാത്തതിനാൽ ശമ്പളം കിട്ടിയിരുന്നില്ലെന്നും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
ദീർഘകാല അവധിയിലായിരുന്ന മുൻ അധ്യാപിക ജോലിയിൽനിന്ന് രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിൽ അലീനാ ബെന്നിയെ നിയമിച്ച് 2021-ൽ മാനേജ്‌മെന്റ് താമരശ്ശേരി എ.ഇ.ഒ.യിൽ അംഗീകാര അപേക്ഷ നൽകിയിരുന്നു ഭിന്നശേഷി സംവരണം അടക്കമുള്ള സാങ്കേതികതടസ്സങ്ങളാൽ വിദ്യാഭ്യാസവകുപ്പിന്റെ നിയമനാംഗീകാരം ലഭിച്ചിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. എന്നാൽ നിയമനാംഗീകാരം നേടിയെടുക്കാൻ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ നടന്നില്ലെന്നും പിതാവ് ബെന്നി വളവനാനിക്കൽ ആരോപിച്ചു.















