വർക്കല: ഫ്രാൻസിസ് മാർപ്പാപ്പയുടെ രോഗശാന്തിക്കായി വർക്കല ശിവഗിരി മഠത്തിൽ പ്രാർത്ഥന നടത്തി. ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ദൈവശകം ഹാളിൽ നടന്ന പ്രാർത്ഥനയിൽ മഠത്തിലെ സന്യാസിമാരും ബ്രഹ്മചാരികളും പങ്കെടുത്തു.
ജാതിമതചിന്തകൾക്ക് അതീതമായി ലോകജനത പരസ്പരം സ്നേഹത്തോടും വിശ്വാസത്തോടും ഒന്നായി കഴിയണമെന്ന ഗുരുദേവ ദർശനം ഉൾക്കൊണ്ട് ജീവിക്കുന്ന മഹാപുരുഷനാണ് മാർപാപ്പയെന്ന് ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. അദ്ദേഹം ഇനിയും ഒരുപാട് കാലം ജീവിച്ച് സമൂഹത്തെ നയിക്കുമാറാകാണമെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരും പ്രാർത്ഥനയിൽ സന്നിഹിതരായി.















