ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ താമസിച്ചിരുന്ന ഔദ്യോഗിക വസതിയായ ശീഷ് മഹലിൽ താമസിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി രേഖ ഗുപ്ത. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ശീഷ് മഹലിൽ താമസിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ജനങ്ങളോടൊപ്പം നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് രേഖ ഗുപ്ത പറഞ്ഞു.
ഏറെ ആഢംബരം നിറഞ്ഞ കെട്ടിടത്തിലായിരുന്നു മുൻ ഡൽഹി മുഖ്യമന്ത്രിയുടെ താമസം. ശീഷ് മഹലിന്റെ കെട്ടിട നിർമാണത്തിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആംആദ്മിയെ താഴെയിറക്കാനുള്ള ഒരു തുറുപ്പുചീട്ടുകൂടിയായിരുന്നു ശീഷ് മഹൽ.
ഉച്ചയ്‌ക്ക് 12 മണിയ്‌ക്കാണ് ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിരുടെ സാന്നിധ്യത്തിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങിനായി വസതിയിൽ നിന്നും പുറപ്പെട്ട രേഖ ഗുപ്തയുടെ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമത്തിലൂടെ പുറത്തുവന്നിരുന്നു.















