ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് വിക്കി കൗശൽ നായകനായ ചിത്രം ഛാവ. മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവായ ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രം 200 കോടിയിലേക്ക് കടന്നു. അണിയറ പ്രവർത്തകരാണ് കളക്ഷൻ റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം മാത്രം 30 കോടിയാണ് ഛാവ നേടിയത്.
ഫെബ്രുവരി 14-ന് റിലീസ് ചെയ്ത ചിത്രത്തിന് അതിഗംഭീര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. സംഭാജി മാഹാരാജാവിന്റെ പത്നിയായ യെശുഭായിയായി എത്തി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുകയാണ് രശ്മിക മന്ദാന. തുടർച്ചയായി ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ അഭിനയിച്ച നടിയെന്ന വിശേഷണവും രശ്മികയ്‌ക്ക് സ്വന്തമാണ്. രൺബീർ കപൂർ നായകനായ അനിമൽ, അല്ലു അർജുന്റെ പുഷ്പ-2 എന്നീ ചിത്രങ്ങൾ ബോക്സോഫിസിൽ വൻ ഹിറ്റായിരുന്നു. ഇതിന് തൊട്ടുപിന്നാലെ എത്തിയ രശ്മികയുടെ ഛാവയും കളക്ഷനിൽ മുന്നേറുകയാണ്.
ആദ്യ ദിവസം 33 കോടിയാണ് ഛാവ നേടിയത്. രണ്ടാമത്തെ ദിവസം 33 കോടി, മൂന്നാമത്തെ ദിവസം- 39 കോടി, 4-ാം ദിവസം- 49 കോടി, 5-ാം ദിവസം- 24 കോടി, ആറാം ദിവസം 25 കോടിയും ഏഴാം ദിവസമായ ഇന്നലെ 32 കോടിയുമാണ് ചിത്രം നേടിയത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത് ചിത്രത്തിൽ അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത തുടങ്ങിയ താരങ്ങളും സുപ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു.















