കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം വർദ്ധിപ്പിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറുടെയും സീനിയർ പ്ലീഡറുടേയും ശമ്പളം 30,000 രൂപ വർദ്ധിപ്പിച്ചു. പ്ലീഡറുമാരുടെ ശമ്പളം 25,000 രൂപയാണ് വർദ്ധിപ്പിച്ചത്. മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് നടപടി.
ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നതിന് തടസമായി സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടുന്ന സർക്കാരാണ് സർക്കാർ അഭിഭാഷകരുടെ ശമ്പളം വാരിക്കോരി കൂട്ടി നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസബന്ധിച്ച തീരുമാനമുണ്ടായതെന്നാണ് വിവരം. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർക്ക് 1,20,000 രൂപയാണ് നിലവിൽ ലഭിക്കുന്ന വേതനം. ഇത് കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമാണെന്നിരിക്കെയാണ് 1,50,000 രൂപയായി ശമ്പളം ഉയർത്തിയത്. സീനിയർ പ്ലീഡർക്ക് 1,10,000 രൂപയാണ് ഇപ്പോഴത്തെ ശമ്പളം. അത് 1,40,000 രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ഏതാണ്ട് 150ലേറെ സർക്കാർ അഭിഭാഷകരാണ് ഹൈക്കോടതിയിലുള്ളത്. ഇവരുടെ ശമ്പളം കൂട്ടണമെന്ന ആവശ്യം അതിവേഗം അംഗീകരിക്കുകയും മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ലക്ഷക്കണക്കിന് രൂപ അഭിഭാഷകരുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തും.
സെക്രട്ടറിയേറ്റിന് മുൻപിൽ നാളുകളായി സമരം ചെയ്യുന്ന ആശാവർക്കർമാർക്കെതിരെ കണ്ണടയ്‌ക്കുന്ന സർക്കാരിന് ഇഷ്ടക്കാർക്ക് വേണ്ടി ഇഷ്ടംപോലെ ചെയ്യാൻ യാതൊരു മടിയുമില്ലെന്ന വിമർശനം ഇതോടെ ശക്തമാവുകയാണ്.















