ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ചിത്രങ്ങളിലൊന്നായ രാക്ഷസനിലെ കാമറമാൻ പി വി ശങ്കർ സുമതി വളവിലും. ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. അഭിലാഷ് പിള്ളയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ശങ്കർ. സുമതി വളവിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണെന്നും അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു.
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായപ്പോൾ മുതൽ ശങ്കറിന്റെ വിഷ്വൽ മാജിക് മലയാളത്തിൽ ആദ്യമായി സുമതി വളവിൽ തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും രാക്ഷസൻ സിനിമയുടെ വിജയത്തിന് ശേഷമാണ് സിനിമാ മോഹവുമായി താൻ ചെന്നൈയിലേക്ക് വണ്ടി കയറിയതെന്നും അഭിലാഷ് പിള്ള കുറിപ്പിൽ പറയുന്നു.
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് മെയ് എട്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. ബിഗ്ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വാട്ടർമാൻ ഫിലിംസും തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സുമതി വളവ് ഹൊറർ കോമഡി ജോണറിലാണ് ഒരുങ്ങുന്നത്.