കൊച്ചി: കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ടി. എം. ജേഴ്സണിൽ നിന്നും പിടിച്ചെടുത്തത് 74 കുപ്പി മദ്യം. കൈക്കൂലിയായി കൈപ്പറ്റിയ മദ്യമാണ് വീട്ടിൽ നിന്നും വിജിലൻസ് സംഘം കണ്ടെടുത്തത്. ലക്ഷക്കണക്കിനു രൂപ വില വരുന്ന കുപ്പികളും കൂട്ടത്തിലുണ്ട്. അപേക്ഷ തീർപ്പാക്കാൻ പണത്തൊടൊപ്പം മദ്യവും ഇയാൾ ചോദിച്ചു വാങ്ങിയിരുന്നു.
വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനമടക്കമുള്ള കാര്യങ്ങളും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ജേഴ്സണിന്റെയും കുടുംബത്തിന്റെയും വിവിധ അക്കൗണ്ടുകളിൽ നിന്നും 84 ലക്ഷം രൂപയാണ് ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങങ്ങളിൽ ബിനാമി പേരിൽ ഇയാൾ സ്വത്ത് വാങ്ങിക്കൂട്ടിയെന്ന സംശയവുമുണ്ട്.
ബുധനാഴ്ചയാണ് ജേഴ്സണെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ചെല്ലാനം സ്വദേശി മാനേജറായ ബസിന്റെ റൂട്ട് പെർമിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാൻ 25,000 രൂപയും കുപ്പിയുമാണ് ആവശ്യപ്പെട്ടത്. ഏജന്റുമാർ മുഖേന കൈക്കൂലി ആവശ്യപ്പെട്ട കാര്യം ചെല്ലാനം സ്വദേശി വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം 5000 രൂപയും കുപ്പിയും നൽകി. തൊട്ടുപിന്നാലെ ജേഴ്സണേയും കൂട്ടാളികളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും















