പ്രയാഗ്‌രാജ്: പ്രയാഗ്‌രാജിലെ കുംഭമേളയിലെത്തി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി എംപി തേജസ്വി സൂര്യ, കേന്ദ്രമന്ത്രി രാം മോഹൻ നായിഡു എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ത്രിവേണീസംഗമത്തിലെത്തി പുണ്യസ്നാനം ചെയ്തു. കുടുംബാംഗങ്ങൾക്കൊപ്പമെത്തിയ ധനമന്ത്രി പവിത്രമായ നിമിഷമെന്ന് കുംഭമേളയിലെ അനുഭവത്തെ വിശേഷിപ്പിച്ചു.
ബിജെപി എംപി തേജസ്വി സൂര്യ കുംഭമേളയുടെ ആഗോള പ്രാധാന്യം ചൂണ്ടിക്കാട്ടി. “ഇന്ന്, നൂറുകണക്കിന് ബിജെവൈഎം പ്രവർത്തകരോടൊപ്പം സംഗമത്തിൽ പുണ്യസ്നാനം എനിക്ക് ഭാഗ്യം ലഭിച്ചു. ലോകത്ത് എവിടെയും ഇത്രയും വലിയ ഒരു പരിപാടി സംഘടിപ്പിച്ചിട്ടില്ല. രാജ്യത്തുടനീളവും പുറത്തുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഐക്യത്തിന്റെ ആത്മാവാണ് മഹാ കുംഭമേളയുടെ ഏറ്റവും വലിയ സവിശേഷത.” അദ്ദേഹം പറഞ്ഞു. ഭാരതീയ ജനത യുവ മോർച്ച (ബിജെവൈഎം) യുടെ പ്രസിഡന്റാണ് തേജസ്വി സൂര്യ.
തലമുറകളായി തുടർന്നുവരുന്ന പാരമ്പര്യത്തിന്റെ ഭാഗമാണിതെന്നും തന്റെ ജീവിതകാലത്ത് മഹാ കുംഭമേളയിൽ പങ്കെടുക്കാനും സാക്ഷ്യം വഹിക്കാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും കേന്ദ്ര സിവിൽ-വ്യോമയാനമന്ത്രി രാം മോഹൻ നായിഡു പറഞ്ഞു. ഇവിടെയെത്തുമ്പോൾ അവിശ്വസനീയമായ ഊർജവും പോസിറ്റിവിറ്റിയും ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജീവിതത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന” ഒരു പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയും നന്ദി പറഞ്ഞു.”മഹാ കുംഭമേള 144 വർഷത്തിലൊരിക്കലാണ് വരുന്നത്. അതിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു. കോടിക്കണക്കിന് ആളുകൾ ഇവിടെ പുണ്യസ്നാനം ചെയ്യാൻ എത്തുന്നു. ഇത് ശരിക്കും മഹത്തായ ഒരു ആത്മീയ സംഗമമായി മാറിയിരിക്കുകയാണ്.,” ശ്രീകാന്ത് ഷിൻഡെ പറഞ്ഞു.