ലക്നൗ: മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്യുന്ന സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച് ചിലർ വീഡിയോ ചിത്രീകരിക്കുകയും അവ വിറ്റഴിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ കർശന നടപടിയുമായി യുപി പൊലീസ്. ഇത്തരത്തിൽ വീഡിയോ പകർത്തുന്നവരെയും അത് വിൽക്കുന്നവരെയും വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനോടകം 103 സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചതായും യുപി പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശ് പൊലീസിലെ സോഷ്യൽമീഡിയ ടീമാണ് ഇക്കാര്യം കണ്ടെത്തിയത്. കുംഭമേള ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുന്ന ചില സോഷ്യൽമീഡിയ അക്കൗണ്ടുകൾ സ്ത്രീകളുടെ ദൃശ്യങ്ങൾ വക്രീകരിച്ച് മോശം രീതിയിലാക്കി അപ്ലോഡ് ചെയ്യുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ടെലിഗ്രാമിലൂടെ ഇവ പണം നൽകി എക്സ്ക്ലൂസീവായി വിൽപ്പന നടത്തുന്നതായും പൊലീസ് അറിഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നാണ് യുപി പൊലീസിന്റെ മുന്നറിയിപ്പ്.















