ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറുമായുള്ള കൂടികാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് നടൻ മമ്മൂട്ടി. ശ്രീ ജഗ്ദീപ് ധൻറിനെ കാണാനും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞത് ആദരവായി കാണുന്നതായും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
“ഇന്ത്യയുടെ ബഹുമാനപ്പെട്ട ഉപരാഷ്‌ട്രപതി ശ്രീ ജഗ്ദീപ് ധൻകറിനെ കാണാനും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞത് ആദരവായി കാണുന്നു. അസാമാന്യനായ ഒരു നേതാവുമായുള്ള അവിസ്മരണീയവും പ്രചോദനാത്മകവുമായ സംഭാഷണം. അവസരത്തിന് നന്ദി”–എന്നാണ് മമ്മൂട്ടി കുറിച്ചത്.
താരത്തിനൊപ്പം ഭാര്യ സുൽഫത്തുമുണ്ടായിരുന്നു. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഡൽഹിയിലെത്തിയപ്പോഴായിരുന്നു കൂടികാഴ്‌ച്ച. ഉപരാഷ്‌ട്ര വസതിയിലെത്തിയാണ് നടൻ അദ്ദേഹത്തെ കണ്ടത്. ജോൺ ബ്രിട്ടാസ് എം.പിയും മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു. ഊഷ്മളമായ സ്വീകരണമാണ് മമ്മൂട്ടിക്ക് നൽകിയത്. ഉപരാഷ്‌ട്രപതിയും ഭാര്യ സുദേഷ് ധൻകറും ചേർന്നാണ് മലയാളി താരത്തെ സ്വീകരിച്ചത്. ഉപരാഷ്‌ട്രപതിയെ മമ്മൂട്ടി ഷാൾ അണിയിച്ചു. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് രാഷ്‌ട്രപതിക്കും ഭാര്യ സുദേഷ് ധൻകറിനും ഉപഹാരം സമ്മാനിച്ചു.