കലബുറഗി: തങ്ങളുടെ കൃഷിയിടത്തിലേക്ക് വന്ന ഭീമാകാരനായ മുതലയെ ജീവനോടെ പിടികൂടി ഇലക്ട്രിസിറ്റി ഓഫീസിലെത്തിച്ച് കർഷകരുടെ വേറിട്ട പ്രതിഷേധം. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. അഫ്‌സൽപൂർ താലൂക്കിലെ ഗൊബ്ബുര (ബി)യിലെ ജെസ്‌കോം ഓഫീസിന് സമീപത്താണ് ലക്ഷ്മൺ പൂജാരി എന്ന കർഷകനെ മുതല ആക്രമിച്ചത്.
വിഷയത്തിന് വൈദുതി വിതരണവുമായി ബന്ധമുള്ളതിനാലാണ് പ്രതിഷേധവുമായി മുതലയെ ഇലക്ട്രിസിറ്റി ഓഫീസിലെത്തിച്ചത്. കലബുറഗി (മുൻപ് ഗുൽബർഗ) ഉൾപ്പെടെയുള്ള ജില്ലകളിൽ വൈദ്യുതി വിതരണം നടത്തുന്നത് ജെസ്‌കോം (Gulbarga Electricity Supply Company Limited) എന്ന കമ്പനിയാണ്.

കലബുറഗി ജില്ലയിലെ അഫ്‌സൽപൂർ താലൂക്കിലെ ഗൊബ്ബുര ഗ്രാമം ഉൾപ്പെടെയുള്ള ഭീമ നദീതടത്തിലെ കർഷകർക്ക് കൃഷിയിടം നനയ്‌ക്കാൻ പുലർച്ചെ 4 മണിയോടെയാണ് GESCOM-ൽ നിന്ന് ത്രീ-ഫേസ് കറന്റ് നൽകുന്നത് . ഇത് ആറു മണി വരെ മാത്രം തുടരും. രാത്രിയിൽ ജോലി ചെയ്യുന്നതിനാൽ ഇവിടെ കർഷകർ മുതലകളുടെയും പാമ്പുകളുടെയും ആക്രമണത്തിന് ഇരയാകുന്നത് സാധാരണമാണ്. മോട്ടോറുകൾ സ്റ്റാർട്ട് ചെയ്യാനായി കർഷകർ നദീതീരത്ത് പോകുമ്പോൾ മുതലകൾ അവരെ ആക്രമിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അതിനിടെയാണ് ലക്ഷ്മൺ പൂജാരി കൃഷിയിടം നനയ്‌ക്കാൻ പോയപ്പോൾ മുതല ആക്രമിച്ചത്. ഇതിൽ കുപിതനായ ലക്ഷ്മൺ ചുറ്റുമുള്ള കർഷകരെ ഇക്കാര്യം അറിയിച്ചു. സ്ഥലത്തെത്തിയ കർഷകർ ചേർന്ന് മുതലയെ ജീവനോടെ പിടികൂടി. തങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കാൻ, മുതലയെ ഒരു കയറുകൊണ്ട് കെട്ടി ഒരു കാളവണ്ടിയിൽ ജെസ്‌കോം ഓഫീസിലേക്ക് കൊണ്ടുപോയി.അവിടെ അവർ പ്രതിഷേധ പ്രകടനം നടത്തി.
മുതലകൾ ഇടയ്‌ക്കിടെ ആക്രമിക്കുന്നതിനാൽ, രാവിലെ 4 മണിക്ക് പകരം 6 മണിക്ക് ത്രീ-ഫേസ് കറന്റ് സൗകര്യങ്ങൾ ഒരുക്കണമെന്ന് കർഷകർ GESCOM-നോട് ആവശ്യപ്പെട്ടു.

സ്ഥലത്തെത്തിയ പൊലീസുകാർ മുതലയെ വനം വകുപ്പിന് കൈമാറാൻ കർഷകരെ പ്രേരിപ്പിച്ചു. ഏകദേശം പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന മുതലയെ പിന്നീട് കലബുറഗിയിലെ മിനി മൃഗശാലയിലേക്ക് മാറ്റി. മുതല ആരോഗ്യവാനാണെന്നും ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സഞ്ജീവ് കുമാർ ചവാൻ മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു.















