ടീം ഇന്ത്യയുടെ സ്പിന്നർ യൂസ്‌വേന്ദ്ര ചഹലും കാെറിയോഗ്രാഫറും ഭാര്യയുമായ ധനശ്രീവർമയും ഔദ്യഗികമായി വിവാഹമോചിതരായെന്ന് റിപ്പോർട്ടുകൾ. 2020ൽ കൊവിഡ് സമയത്തായിരുന്നു ഇവരുടെ വിവാഹം. എബിപി റിപ്പോർട്ട് പ്രകാരം ഔദ്യോഗികമായി വിവാഹമോചിതരാകും മുൻപ് ഇരുവരും 18 മാസമായി വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ബാന്ദ്രയിലെ കുടുംബ കോടതിയിലായിരുന്നു അവസാന ഹിയറിംഗ്. ഇന്നലെ രാവിലെ 11ന് ആരംഭിച്ച ഹിയറിംഗ് 4.30നാണ് അവസാനിച്ചത്. ജഡ്ജി ഇരുവർക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു.
പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനത്തിന് അപേക്ഷിച്ചതെന്നാണ് ഇരുവരും കോടതിയിൽ വ്യക്തമാക്കിയത്. യോജിച്ച് പോകാൻ സാധിക്കാത്ത വിധത്തിലുള്ള പ്രശ്നങ്ങളാണ് പിരിയാൻ കാരണമെന്നാണ് ഇരുവരും കോടതിയെ അറിയിച്ചത്. അതേസമയം ചഹലോ ധനശ്രീയോ ഔദ്യോഗികമായി പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
ഡിവോഴ്സ് ഹിയറിംഗിന് മുൻപ് ധനശ്രീ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചകൾക്ക് വഴിവച്ചു. From stressed to blessed”( ക്ലേശങ്ങളിൽ നിന്ന് ദൈവാനുഗ്രഹത്തിലേക്ക്) എന്നുള്ള കുറിപ്പാണ് താരം പങ്കുവച്ചത്. 2024 അവസാനത്തിലാണ് ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതെന്നാണ് സൂചന. അതേസമയം ജീവനാംശം 60 കോടി രൂപ ആവശ്യപ്പെട്ട കാര്യം ധനശ്രീയുടെ കുടുംബം തള്ളിയിട്ടുണ്ട്.