മുംബൈ: ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന വിക്കി കൗശൽ ചിത്രം ‘ഛാവയെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്തിടെ നടന്ന ഒരുപരിപാടിയിൽ ഇന്ത്യൻ സിനിമയെ രൂപപ്പെടുത്തുന്നതിൽ മഹാരാഷ്‌ട്രയുടെയും മുംബൈയുടെയും പങ്കിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഛാവയെക്കുറിച്ച് പരാമർശിച്ചത്.
മഹാരാഷ്‌ട്രയും മുംബൈയുമാണ് മറാത്തി സിനിമകൾക്കൊപ്പം ഹിന്ദി സിനിമയെയും ഉയർത്തിയതെന്നും ഈ ദിവസങ്ങളിൽ ഛാവ തരംഗമായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു. ശിവാജി സാവന്തിന്റെ മറാത്തി നോവലിലൂടെയാണ് ഈ രൂപത്തിൽ സംഭാജി മഹാരാജാവിന്റെ വീര്യം നമുക്ക് പരിചയപ്പെടുത്തിയത്. ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഛാവ, ചരിത്ര സംഭവങ്ങളുടെയും സാംസ്കാരിക പ്രാധാന്യത്തിന്റെയും ചിത്രീകരണം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ദിനേശ് വിജന്റെ മഡോക്ക് ഫിലിംസ് നിർമ്മിച്ച്, ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഛാവ മാറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവും ശാത്രപതി ശിവജി മഹാരാജാവിന്റെ പുത്രനുമായ ഛത്രപതി സാംബാജി മഹാരാജാവിന്റെ കഥപറയുന്ന ചിത്രമാണ്. സിനിമയുടെ ബോക്സോഫീസ് കുതിപ്പ് ഇതൊനോടകം 200 കോടി കടന്നു. ഛാവയിൽ ബോളിവുഡ് നടൻ വിക്കി കൗശലാണ് സംഭാജി മഹാരാജാവിനെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാന, അക്ഷയ് ഖന്ന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.















