പോർട്ട് ലൂയിസ്: മൗറീഷ്യസിന്റെ 57-ാമത് ദേശീയ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വിശിഷ്ടാതിഥി’യാകും. മൗറീഷ്യൻ പ്രധാനമന്ത്രി നവീൻ രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. മാർച്ച് ൧൧,12 തീയതികളിൽ നരേന്ദ്രമോദി പോർട്ട് ലൂയിസ് സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ശക്തവും നിലനിൽക്കുന്നതുമായ ബന്ധത്തിന്റെ തെളിവാണ് മോദിയുടെ സന്ദർശനമെന്ന് രാംഗൂലം കൂട്ടിച്ചേർത്തു.
പാർലമെന്റിനെ അഭിസംബോധന ചെയ്യവേ മോദിയുടെ തിരക്കേറിയ ഷെഡ്യൂളും പാരീസിലും അമേരിക്കയിലുമുള്ള സമീപകാല അന്താരാഷ്‌ട്ര സന്ദർശനങ്ങളും ചൂണ്ടക്കാട്ടിയ മൗറീഷ്യൻ പ്രധാനമന്ത്രി അത്തരമൊരു നേതാവിനെ ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിന്റെ ബഹുമതി എടുത്തുപറഞ്ഞു.
“എന്റെ ക്ഷണം സ്വീകരിച്ച്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ ദേശീയ ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥിയാകാൻ സമ്മതിച്ചതായി സഭയെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വളരെ തിരക്കേറിയ ഷെഡ്യൂളുകളും പാരീസിലേക്കും അമേരിക്കയിലേക്കുമുള്ള സമീപകാല സന്ദർശനങ്ങളും ഉണ്ടായിരുന്നിട്ടും, നമുക്ക് ഈ അവസരം നൽകുന്ന ഇത്രയും വിശിഷ്ട വ്യക്തിത്വത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് നമ്മുടെ രാജ്യത്തിന് ബഹുമതിയാണ്,” രാംഗൂലം പറഞ്ഞു.
1968-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മപ്പെടുത്തലായി എല്ലാ വർഷവും മാർച്ച് 12-ന് മൗറീഷ്യസ് ദേശീയ ദിനം ആഘോഷിക്കുന്നു. 1992-ൽ കോമൺവെൽത്തിൽ നിന്നും റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനത്തെയും ഈ ദിനം സൂചിപ്പിക്കുന്നു. 2024 നവംബറിൽ, മൗറീഷ്യസിലെ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിന് മോദി രാംഗൂലത്തെ അഭിനന്ദിച്ചിരുന്നു. പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപരാഷ്‌ട്രമായ മൗറീഷ്യസുമായി ഇന്ത്യയ്‌ക്ക് വളരെ അടുത്തതും ദീർഘകാലവുമായ ബന്ധമുണ്ട്. ഇടകലർന്നുകിടക്കുന്ന ചരിത്രം, ജനസംഖ്യാശാസ്ത്രം, സംസ്കാരം എന്നിവ കൂടാതെ ദ്വീപിലെ 1.2 ദശലക്ഷം ജനസംഖ്യയുടെ 70 ശതമാനത്തോളം ഇന്ത്യൻ വംശജരാണ്.















