തിരുവനന്തപുരം: തലസ്ഥാനത്ത് ഒൻപതാം ക്ലാസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ അലോക്നാഥിനെയാണ്(14) മരിച്ച നിലയിൽ വീട്ടുകാർ കണ്ടത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളും നീലിച്ച നിറവുമുണ്ട്. മുറിയിലെ സാധനങ്ങൾ അലോങ്കലമായ നിലയിലാണ്.രാവിലെ മുറിയിലെത്തിയ അമ്മയാണ് മകനെ തറയിൽ കിടക്കുന്ന നിലയിൽ കണ്ടത്. വീട്ടിലെ ഹോം നഴ്സിന്റെ സഹായത്തിൽ പ്രാഥമിക വൈദ്യസഹായം ലഭ്യമാക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
കുട്ടിയുടെ പിതാവ് ഗൾഫിലാണ്.അലോകിനൊപ്പം അമ്മയും യുകെജിക്കാരിയായ സഹോദരിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. തൊട്ടടുത്താണ് ഇരുടെ മുത്തശ്ശനും മുത്തശ്ശിയും താമസിക്കുന്നത്. കുട്ടിക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉള്ളതായി അറിവില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അവർ. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുട്ടിയുടെ മുറി സീൽ ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ ഫോണും അവർ പരിശോധയ്‌ക്കായി ശേഖരിച്ചു.















