തിങ്കളേ പൂത്തിങ്കളേ.. ഇനി ഒളികണ്ണെറിയരുതേ..
കല്യാണരാമൻ എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കാത്ത മലയാളികളുണ്ടാകില്ല. കല്യാണവീട്ടിൽ, ടൂറിസ്റ്റ് ബസിൽ, പൂരാഘോഷത്തിൽ എന്നുതുടങ്ങി എല്ലാ ഒത്തുചേരലുകളിലും മലയാളിയുടെ ആഘോഷത്തിന് ഇമ്പം കൂട്ടുന്ന പാട്ടാണിത്. പാട്ട് ഹിറ്റായി രണ്ട് ദശാബ്ദങ്ങൾ പിന്നിടുമ്പോഴും റീലുകളുടെ ലോകത്തെ രാജാവാണ് ഈ ഗാനം. ഇപ്പോൾ ഇന്ത്യ മുഴുവൻ കൊണ്ടാടുകയാണ് ഈ ഹിറ്റ് ഗാനത്തിന്റെ റീൽസ്. കേരളത്തിന്റെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തങ്ങളുടെ വിശ്രമവേളയിൽ ചെയ്ത റീൽസാണ് വൈറലായി മാറിയത്.
നാല് ദിവസം മുൻപ് പോസ്റ്റ് ചെയ്ത് റീൽസ് ഇതിനോടകം അഞ്ച് മില്യൺ ആളുകളാണ് കണ്ടുകഴിഞ്ഞത്. കരിമിഴി എഴുതിയൊരഴകല്ലേ…… എന്നുതുടങ്ങുന്ന ഭാഗമാണ് ഫയർഫോഴ്സിലെ ചുണക്കുട്ടികൾ റീൽസാക്കിയത്. കൊല്ലങ്കോട് ഡിവിഷനുള്ള ഉദ്യോഗസ്ഥരാണിവർ.
View this post on Instagram
ആപത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ജീവൻപോലും പണയംവച്ച് ഇറങ്ങിത്തിരിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ഈ റീൽസ് കേരളം മുഴുവൻ നെഞ്ചേറ്റിയിരിക്കുകയാണ്. സെലിബ്രിറ്റികളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സും തുടങ്ങി എല്ലാവരും ഫയർഫോഴ്സിന് ആശംസയറിയിച്ച് കമന്റ് ബോക്സുകളിൽ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ഫയർഫോഴ്സ് ഉദ്യോഗസ്ഥനും വീഡിയോ ക്രിയേറ്ററുമായ രാഹുൽ പിപി ആണ് റീൽസ് ചിത്രീകരിച്ചത്. രാഹുലിന്റെ പല വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലാണ്. നടി അഖില ഭാർഗവന്റെ പങ്കാളിയാണ് രാഹുൽ.















