കൊല്ലം: കുണ്ടറയിലെ ട്രെയിൻ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു. രണ്ട് പേർ ട്രാക്കിന് സമീപമുള്ള റോഡിരികിൽ നിന്നും ടെലിഫോൺ പോസ്റ്റെടുക്കുന്നതാണ് ദൃശ്യത്തിലുള്ളത്. സംഭവത്തിൽ റെയിൽവേ പൊലീസ്, ആർപിഎഫ്, മധുരൈ റെയിൽവേ ക്രൈം ബ്രാഞ്ച് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
ഇന്ന് പുലർച്ചെ 2 മണിയോടെ ആറുമുറിക്കട പഴയ ഫയർസ്‍റ്റേഷന് സമീപത്തുള്ള റെയിൽവേ ട്രാക്കിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വിവരം ഗേറ്റ് കീപ്പറെ അറിയിക്കുകയായിരുന്നു. തുടർന്ന് ഏഴുകോൺ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്ത് പരിശോധനയും നടത്തി മടങ്ങി. എന്നാൽ പുലർച്ചെ വീണ്ടും ട്രാക്കിൽ അതേ സ്ഥാനത്ത് തന്നെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.
രണ്ടാമത് പോസ്റ്റ് കണ്ടെത്തിയത് പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ട് മുൻപായിരുന്നു. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്.