കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറിന് പുനർനിയമനം നൽകുന്നത് സർവകലാശാലാ ചട്ടങ്ങൾ പാലിച്ചാകണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ. രജിസ്ട്രാർ പദവിയിൽ എക്സ്റ്റൻഷൻ നൽകുന്നത് സംബന്ധിച്ച് ചട്ടങ്ങളിൽ പറയുന്നില്ലെന്നും പുനർനിയമനം നൽകുന്നുവെങ്കിൽ ചട്ടങ്ങൾ പാലിച്ചാകണമെന്നും സിൻഡിക്കേറ്റ് അംഗങ്ങളായ പിഎസ് ഗോപകുമാർ, ഡോ. വിനോദ് കുമാർ ടി.ജി നായർ എന്നിവർ ആവശ്യപ്പെട്ടു.
ചട്ടങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങളും പുനർനിയമനങ്ങളും സർവകലാശാലയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ്. രജിസ്ട്രാർ നിയമനം സംബന്ധിച്ച് നിലവിൽ എന്തെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവ കൃത്യമായി പരിഗണിച്ച ശേഷമാവണം അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതോടൊപ്പം ചട്ടങ്ങൾ പാലിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടതുമാണെന്ന് ഇരുവരും വ്യക്തമാക്കി.
കേരള സർവകലാശാല രജിസ്ട്രാർക്ക് പുനർനിയമനം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. 22 പേർ പങ്കെടുത്ത യോഗത്തിൽ പിഎസ് ഗോപകുമാർ, ഡോ. വിനോദ് കുമാർ ടി.ജി നായർ എന്നിവർ മാത്രമായിരുന്നു പുനർനിയമനത്തെ എതിർത്തത്. ഭൂരിപക്ഷ തീരുമാനം യോഗം അംഗീകരിച്ചതോടെ നാല് വർഷം കൂടി ഡോ. കെ എസ് അനിൽകുമാറിന് രജിസ്ട്രാറായി തുടരാം.















