കോട്ടയം: ഭീകരർക്കെതിരായ പിസി ജോർജിന്റെ പോരാട്ടം തുടരുമെന്ന് ഷോൺ ജോർജ്. മാപ്പ് പറഞ്ഞിട്ടും പിസിയെ വേട്ടയാടുകയാണ്. ഹമാസ് നേതാവിന് വേദിയൊരുക്കിയവർക്ക് ഇവിടെ കേസില്ലായെന്നും ഭീകരരെ ഭീകരർ എന്നല്ലാതെ എന്ത് വിളിക്കണമെന്നും ഷോൺ ജോർജ് വിമർശിച്ചു.
ചാനൽ ചർച്ചയിലെ വിവാദ പരാമർശ സംഭവത്തിൽ പിസി ജോർജിനെതിരെ പൊലീസ് നടപടിയെടുത്ത സാഹചര്യത്തിലാണ് ഷോണിന്റെ പ്രതികരണം. പിസി ജോർജ് എക്കാലവും ഭീകരതയെ ചെറുത്തുനിന്ന ആളാണ്. തെരഞ്ഞെടുപ്പ് തോൽവി പോലും അതിന്റെ അനന്തരഫലമായിരുന്നു. ചാനൽ ചർച്ചയിലെ പരാമർശം രാഷ്‌ട്രീയവത്കരിച്ച് പിസി ജോർജിനെ വേട്ടയാടുകയാണ്. ഹമാസ് നേതാവിന് വേദിയൊരുക്കിയവർക്ക് ഇവിടെ കേസില്ലായെന്നും ഭീകരരെ ഭീകരർ എന്നല്ലാതെ എന്തുവിളിക്കണമെന്നും ഷോൺ ജോർജ് വിമർശിച്ചു. നല്ല രീതിയിൽ ജീവിക്കുന്ന മുസ്ലീം സഹോദരങ്ങൾക്കെതിരെയല്ല പിസിയുടെ പ്രസ്താവന. പരാമർശം ഏതെങ്കിലും തരത്തിൽ വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുകയും ചെയ്തതാണെന്ന് ഷോൺ ജോർജ് പറഞ്ഞു.
പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പൊലീസിന് മുൻപിൽ ഹാജരാകണമെന്ന നോട്ടീസുമായി രാവിലെ പൊലീസ് ജോർജിന്റെ വീട്ടിലെത്തിയിരുന്നു. പിസി വീട്ടിൽ ഇല്ലാത്തതിനാൽ നോട്ടീസ് നൽകിയില്ല. ഉച്ചയ്‌ക്ക് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പിസി ജോർജ് സാവകാശം തേടി. തിങ്കളാഴ്ച ഉച്ചയ്‌ക്ക് മുൻപ് ഹാജരാകുമെന്ന് പൊലീസിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. തുടർ നടപടികൾ പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.















