തിരുവനന്തപുരം: ഗർഭപാത്രത്തിൽ സർജിക്കൽ മോപ്പ് മറന്നുവച്ച ഡോക്ടർക്ക് 3.15 ലക്ഷം രൂപ പിഴ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുജ അഗസ്റ്റിനാണ് പിഴ വിധിച്ചത്. പെർമനന്റ് ലോക് അദാലത്ത് ചെയർമാൻ പി. ശശിധരൻ, അംഗങ്ങളായ വി.എൻ. രാധാകൃഷ്ണൻ, ഡോ. മുഹമ്മദ് ഷെറീഫ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.
2022 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. സിസേറിയനിടെ 23-കാരിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ മോപ്പ് കുടുങ്ങിയിരുന്നു. എന്നാൽ തനിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും നഴ്സാണ് അബദ്ധം ചെയ്തതെന്നും ഡോക്ടർ വാദിച്ചെങ്കിലും കോടതി നിരസിച്ചു.
സിസേറിയൻ കഴിഞ്ഞ് ഡിസ്ചാർജ് ആയി വീട്ടിലെത്തിയപ്പോാണ് യുവതിക്ക് വേദനയും നീരും അനുഭവപ്പെട്ടത്. തുടർന്ന് ഡോക്ടറെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. മൂന്ന് തവണ ഡോക്ടറെ ചെന്ന് കണ്ടെങ്കിലും ഫലമുണ്ടായില്ല. വേദനയ്‌ക്കുള്ള മരുന്ന് നൽകി പറഞ്ഞുവിടുകയായിരുന്നു. ഒടുവിൽ അസഹനീയമായ വേദനയെ തുടർന്ന് 2023 മാർച്ചിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭപാത്രത്തിൽ മറ്റൊരു വസ്തുവുണ്ടെന്ന് കണ്ടെത്തിയത്. സിസേറിയൻ സമയത്ത് രക്തവും മറ്റും വലിച്ചെടുക്കാൻ ഉപയോഗിച്ച സർജിക്കൽ മോപ്പ് ഗർഭപാത്രത്തിൽ കുടുങ്ങിയിരുന്നു. ഇതോടെയാണ് സിസേറിയൻ ചെയ്ത ഡോക്ടർക്ക് പിഴവ് സംഭവിച്ച കാര്യം വ്യക്തമായത്.
യുവതിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും, ചികിത്സാച്ചെലവിനായി പതിനായിരം രൂപയും കോടതിച്ചിലവിനായി അയ്യായിരം രൂപയും പരാതിക്കാരിക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്.















