ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ചിരവൈരികളായ പാകിസ്താനെ നേരിടും. 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ജയം പാകിസ്താനൊപ്പമായിരുന്നു. അതിനാൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും പാകിസ്താനുമേൽ ആധിപത്യമുറപ്പിച്ച് പകരം വീട്ടുകയാണ് ക്യാപ്റ്റൻ രോഹിത്തിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം.
സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് ആദ്യ മത്സരത്തിൽ തോറ്റതോടെ പാകിസ്താൻ നിരാശരാണ്. സെമിഫൈനലിലേക്ക് കടക്കണമെങ്കിൽ അവർക്ക് ഇന്ത്യക്കെതിരെ ജയിച്ചേ തീരു. സ്റ്റാർ ബാറ്റർ ഫഖർ സമാന്റെ അഭാവവും ബാബർ അസമിന്റെ ഫോമില്ലായ്മയും ടീമിന്റെ ബാറ്റിംഗ് നിരയെ വലയ്‌ക്കുന്നുണ്ട്. അതേസമയം ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ഗില്ലും ഫോമിലെത്തിയ മുഹമ്മദ് ഷമിയും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
പിച്ച് തുടക്കത്തിൽ ബൗളർമാർക്ക് അനുകൂലമാകുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മത്സരത്തിൽ സീമർമാർ വലിയ പങ്കു വഹിക്കാൻ സാധ്യതയുണ്ട്. കളിയുടെ അവസാനത്തിൽ മഞ്ഞുവീഴ്ചയ്‌ക്ക് സാധ്യത കാണുന്നതിനാൽ കളി പുരോഗമിക്കുമ്പോൾ ബാറ്റിംഗ് എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും മധ്യ ഓവറുകളിൽ കളിയുടെ ഗതി നിശ്ചയിക്കാൻ സ്പിന്നർമാർക്കാവും. അതിനാൽ, ടോസ് നേടുന്ന ടീമിന്റെ ക്യാപ്റ്റൻ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് മഴ പെയ്യാൻ ഒരു ശതമാനം സാധ്യത മാത്രമേ ഉള്ളൂ. മേഘാവൃതമായ ആകാശവും ചൂടുള്ള കാലാവസ്ഥയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.